പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും; മന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികൾക്ക് സ്വീകരണം, സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തം

മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കനക്കുന്നതിനിടയിൽ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികൾക്ക് സ്വീകരണം നൽകും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് മന്ത്രി നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികൾക്ക് സ്വീകരണം നൽകുക

ഇത്തവണ നേരത്തെയാണ് ക്‌ളാസുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്തെ 2076 സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ നിലവിൽ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്.

അതേസമയം ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വളരെവേഗം തന്നെ ഈ നടപടികൾ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.