സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. 3,08,000 വിദ്യാര്‍ത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി ഇന്ന് ക്ലാസുകളിലേക്ക് എത്തുന്നത്. അതേസമയം മൂന്നാം ഘട്ട അലോട്ട്‌മെന്റിലെ പ്രവേശനത്തിനുള്ള സമയവും നീട്ടിയിട്ടുണ്ട്.

മൂന്നാം അലോട്ട്‌മെന്റില്‍ അര്‍ഹത നേടിയവര്‍ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. മൂന്നാം അലോട്ട്‌മെന്റിന് മുമ്പ് മാനേജ്മെന്റ് – അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

ശേഷം സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് അവസരമൊരുക്കും. അലോട്ട്മെന്റ് കിട്ടിയിട്ടും സ്‌കൂളുകളില്‍ എത്താത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കാന്‍ പുതിയ അപേക്ഷ നല്‍കണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.