കോണ്‍ഗ്രസിന്റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ; തമിഴ്‌നാട്ടില്‍ സിപിഎം മത്സരിക്കുന്നത് ലീഗിന്റെ സഹായത്താലെന്ന് പികെ കുഞ്ഞാലിക്കുട്ടി

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഒരിക്കലും സിപിഎമ്മിനാകില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പറയുന്നവര്‍ രാജ്യത്ത് 19 സീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അതില്‍ തന്നെ പലസീറ്റിലും വിജയം ഉറപ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

19 സീറ്റില്‍ പതിനഞ്ചും കേരളത്തിലുമാണ്. ഇതിലൊക്കെ തോല്‍ക്കുകയും ചെയ്യും. കേരളത്തിനു പുറത്ത് മൂന്നോ നാലോ മത്സരിക്കുന്ന ഇടതുമുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തമിഴ്‌നാട്ടില്‍ ഒരു സിപിഎം സ്ഥാനാര്‍ഥി ജയിക്കുന്നത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സഹായത്തിലാണ്. ബംഗാളിലായാലും കോണ്‍ഗ്രസ് പിന്തുണയ്ക്കണം. കോണ്‍ഗ്രസിന്റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.