കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വെയ്ക്കും; നിയമസഭയിലേയ്ക്ക് മത്സരിക്കും

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെയ്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വെയ്ക്കാൻ ഹൈദരലി തങ്ങൾ നിർദേശം നൽകി. രാജി വെയ്ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചു. ഇപ്പോള്‍ രാജിവെച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജിക്കത്ത് ഇന്നോ നാളെയോ ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറാനാണ് സാദ്ധ്യത.

അതേസമയം മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗില്‍ നിന്ന് അഞ്ച് പേര്‍ക്ക് സീറ്റുണ്ടാകാനാണ് സാദ്ധ്യത. ഒരു വനിതാ സ്ഥാനാര്‍ത്ഥിയുമുണ്ടാകും .പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനാണ് തീരുമാനം.

പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പൂര്‍ത്തികരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍.