പാലായിലെ തോൽവിക്ക് കാരണം പി.ജെ ജോസഫ്; തുറന്നടിച്ച് ജോസ് ടോം

പാലാ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പി.ജെ ജോസഫ് ആണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് ടോം. തോൽവിക്കു പിന്നിലെ യഥാർത്ഥ വില്ലൻ പി.ജെ ജോസഫ് തന്നെയായിരുന്നെന്ന് ജോസ് ടോം വാർത്ത സമ്മേളനത്തിൽ തുറന്നടിക്കുകയായിരുന്നു.

ജോസഫിന്റെ അജണ്ടയാണ് നടപ്പിലാക്കപ്പെട്ടതെന്ന് ജോസ് ടോം ആരോപിച്ചു. ഒരു എം.എൽ.എ കൂടിയായാൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് മേൽക്കൈ ഉണ്ടാകുമെന്നും ഇത് ചെറുക്കുന്നതിന് വേണ്ടിയാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം അഭിപ്രായപ്പെട്ടു.

പി.ജെ ജോസഫ് രണ്ടുതവണ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെ എന്നും നൂറു ശതമാനം വിജയസാധ്യതയുള്ള ആരാണ് ഉള്ളതെന്നും ജോസ് ടോം ചോദിച്ചു. ജോസ് ടോമിന് വിജയസാധ്യത കുറവായിരുന്നെന്ന ജോസഫിന്റെ വിമർശനത്തിനുള്ള മറുപടിയായിട്ടാണ് ജോസ് ടോം ഇങ്ങനെ പറഞ്ഞത്.

സൂക്ഷ്മ പരിശോധനയിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയത് പി. ജെ ജോസഫ് പക്ഷമാണെന്നും ജോസ് ടോം പറഞ്ഞു. പി.ജെ ജോസഫിനെ നേതാവായി താൻ അംഗീകരിക്കുന്നില്ലെന്നും നേതാക്കളെ നിയന്ത്രിക്കാൻ ജോസഫ് തയ്യാറായില്ലെന്നും ജോസ് ടോം കുറ്റപ്പെടുത്തി.

ഭവന സന്ദർശനത്തിനായി ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവും പങ്കെടുത്തില്ലെന്നും ജോയ് എബ്രഹാം ഒരു യോഗത്തിൽ പോലും പങ്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നുവെന്നും ജോസ് ടോം പറഞ്ഞു.

യു.ഡി.എഫ് നേതൃത്വത്തിന് എതിരെയും ജോസ് ടോം രംഗത്തെത്തി. ജോസഫിനെ നിയന്ത്രിക്കുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തോൽവിക്ക് കാരണം ആയ ജോസഫിൻറെ നീക്കങ്ങളെക്കുറിച്ച് യു.ഡി.എഫ് അന്വേഷിക്കണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു. ഉത്സവപ്പറമ്പിൽ ഇടയാത്ത ആന ഇടഞ്ഞു എന്ന് പറയുന്നതുപോലെയാണ് പി.ജെ ജോസഫ് പാലായിൽ പ്രശ്നമുണ്ടാക്കിയതെന്നും ജോസ് ടോം പറഞ്ഞു.