പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം; രാജി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവുമായി ആംആദ്മി പാര്‍ട്ടി. കേസില്‍ പിണറായി വിജയനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങളുടെ കരിനിഴല്‍ മാറുന്നത് വരെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് എഎപിയുടെ ആവശ്യമെന്നും സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആംആദ്മി ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ സരിത്ത് നിയമവിദഗ്ദരുടെ അഭിപ്രായം തേടി. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണുകള്‍ പരിശോധനക്ക് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.

അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെടി ജലീല്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം വന്നതിന് പിന്നാലെയാണിത്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സ്വപ്നയ്ക്ക് പുറമേ പിസി ജോര്‍ജിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നുണപ്രചാരണത്തിലൂടെ ഇടത് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. വലിയ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് ആരാണെന്ന് മാധ്യമങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനാണ് പരാതിയെന്നും ജലീല്‍ പറഞ്ഞിരുന്നു.