ശബരിമല പുനഃപരിശോധന ഹര്‍ജി സംബന്ധിച്ച് വ്യക്തത വരാനുണ്ട്; കോടതിവിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി

ശബരിമല യുവതീപ്രവേശന വിധിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് വിട്ട സുപ്രീം കോടതിയുടെ തീരുമാനത്തിന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി എന്തുതന്നെയായാലും അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെന്നും സുപ്രീം കോടതിയുടെ തീരുമാനത്തില്‍ വ്യക്തത വന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങളാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിവിധി വന്നാല്‍ അത് അതേപടി അംഗീകരിക്കും. പുനപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.