പിണറായി വിജയൻ മൂലധന ശക്തികളുടെ ഏജന്റ്, എന്നെ പഠിപ്പിക്കാൻ യോഗ്യനല്ല: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂലധന ശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ കേരളത്തിൽ പ്രവർത്തിക്കുന്നത് എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സർക്കാരിനെ കേരളത്തിൽ അനുകരിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി ദേശീയനേതാവെന്ന നിലയിൽ നടത്തുന്ന പ്രസ്‌താവനകൾ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുൻനിർത്തിയായിരിക്കും. ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന അഭിപ്രായത്തെ വളച്ചൊടിച്ചാണ് താൻ രാഹുൽ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ. മൂലധനശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ബഹുരാഷ്ട്രകുത്തകയായ സ്പ്രിങ്ക്ളറുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ കേരളം കണ്ടതാണ്. രാജ്യാന്തര കൺസൾട്ടൻസികളെ കൊണ്ടുവന്ന് സംസ്ഥാനഭരണം അവർക്ക് തീറെഴുതുന്നതും നമ്മൾ കണ്ടതാണ്. മുതലാളിത്തത്തിന്റെ കൂർത്ത് മൂർത്ത ദംഷ്ട്രകൾ എന്ന് കമ്മ്യൂണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി പിണറായി വിജയൻ മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നു.

നരേന്ദ്രമോദി സർക്കാരിനെ കേരളത്തിൽ അനുകരിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയുടെ നയങ്ങൾ നിരാകരിക്കുന്ന പിണറായി വിജയൻ എന്നെ പഠിപ്പിക്കാൻ യോഗ്യനല്ല.

രാഹുൽ ഗാന്ധി എന്റെ നേതാവാണ്. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും നേതാവാണ്. ദേശീയനേതാവെന്ന നിലയിൽ അദ്ദേഹം നടത്തുന്ന പ്രസ്‌താവനകൾ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുൻനിർത്തിയായിരിക്കും. ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന എന്റെ അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാൻ രാഹുൽ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്.

ഇന്ത്യയിൽ ഇന്ന് ബിജെപിയെയും ആർഎസ്എസിനേയും നേരിടാനുള്ള ശക്തി കോൺഗ്രസിന് മാത്രമേയുള്ളൂ. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള ആൾബലം പോലും ഇന്ന് ഇന്ത്യയിൽ സിപിഎമ്മിന് ഇല്ല. പിണറായി വിജയൻ മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സിപിഎമ്മിന് കോൺഗ്രസിനൊപ്പം നിൽക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാണ്.