'മാരീച വേഷത്തിൽ വന്ന് ജനങ്ങളെ മോഹിപ്പിച്ച് കളയാമെന്ന് വിചാരിക്കരുത്'; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാരീച വേഷത്തിൽ വന്ന് കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ച് കളയാമെന്ന് മോദി വിചാരിക്കരുത്. ഉള്ളിലെ ഉദ്ധേശമെന്താണെന്ന് എല്ലാവർക്കും അറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന വാഗ്ദാനം രസകരമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഞങ്ങൾ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആവാസ് പദ്ധതിയിലൂടെ നിർമിച്ച വീട്ടിൽ കേന്ദ്രസർക്കാരിന്റെ ലോഗോ പതിക്കണം എന്ന് നിർദ്ദേശം പാലിക്കാതെ വന്നതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്പ് മോദിയുമായി സംസാരിച്ചിരുന്നു. പദ്ധതി തുടങ്ങുന്ന കാര്യം അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോൾ കേന്ദ്രം പണം നൽകാൻ തയ്യാറായില്ല. വീടുകൾ പണിയാൻ സഹായിക്കില്ല എന്നാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.