പി.ജി ഡോക്ടര്‍മാരുടെ സമരം; ആരോഗ്യമന്ത്രിയുമായി ഇന്ന് വീണ്ടും ചര്‍ച്ച

മെഡിക്കല്‍ കോളജുകളില്‍ സമരം തുടരുന്ന പി.ജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.ഹൗസ് സര്‍ജന്‍മാരും ഇന്നലെ പണിമുടക്കിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഹൗസ് സര്‍ജന്‍മാര്‍ തുടര്‍ സമരം വേണ്ടെന്ന് വെച്ചിട്ടുണ്ട്.

പി.ജി ഡോക്ടര്‍മാരെ പിന്തുണച്ച് ഹൗസ് സര്‍ജന്‍മാരും സമരത്തിന് ഇറങ്ങിയതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ ഹൗസ് സര്‍ജന്‍മാരുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്‍ജന്‍മാാര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരത്തിലേക്ക് കടക്കുമെന്നും ഇവര്‍ അറിയിച്ചു.

നോണ്‍ അക്കാദമിക്ക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ദ്ധിപ്പിക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാരുടെ സമരം.പി.ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് ഐ.എം.എ അറിയിച്ചു. കോവിഡ് കാലമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍ അമിതജോലി ഭാരമാണ് അനുഭവപ്പെടുന്നത്. അതിനാല്‍ പി.ജി പ്രവേശനം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യണമെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ.എ ജയലാല്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഐ.എം.എ കുറ്റപ്പെടുത്തി.