പിജി ഡോക്ടര്‍മാരുടെ സമരം; പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും. സമരം മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത് വരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇവര്‍ക്ക് പിന്തുണയറിയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരും സര്‍ജന്‍മാരും അടക്കമുള്ള സംഘടനകള്‍ തിങ്കളാഴ്ച ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചു.

അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെ എല്ലാ സര്‍വീസുകളും ബഹിഷ്‌ക്കരിച്ചകൊണ്ട് മൊഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. പി.ജി ഡോക്ടര്‍മാരുടെ സമരം മൂലം ജോലി ഭാരം വര്‍ധിച്ചെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 8 മണിവരെയാണ് പണിമുടക്ക് സമരം. ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരികരിച്ചുകൊണ്ട് കെജിഎംസിടിഎയും നാളെ സമരം നടത്തും.

പി.ജി വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ കുറവ് നികത്താന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ പോസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് നഴ്‌സിങ് കോളേജ് എസ്.എഫ്.ഐ യൂണിറ്റും രംഗത്തെത്തി. നീറ്റ് പിജി പ്രവേശന നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, സ്‌റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ ചികിത്സ പ്രതിസന്ധിയിലാണ്. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നാളെ തുടങ്ങും. അതേ സമയം ശമ്പള വര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാനായി സെക്രട്ടറയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ നടത്തി വരുന്ന നില്‍പ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.