പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കും.

ഇന്നലെ രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയത്. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കും, സ്‌റ്റൈപ്പന്‍ഡില്‍ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കും തുടങ്ങിയ ഉറപ്പുകള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ എഴുതി നല്‍കാന്‍ ഡോക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
അധിക ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സര്‍ക്കാരിന് നല്‍കും. ഇതേ കുറിച്ച പഠിക്കാനും റസിഡന്‍സി മാനുവല്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 16 ദിവസം നീണ്ടുനിന്ന ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരമാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പായത്. അതേ സമയം പി.ജി ഡോക്ടര്‍മാരുടെ സംഘടനാ പ്രസിഡന്റ് ഡോ. അജിത്രയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.