തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു. രാവിലെ 11 മണിക്കാണ് സംഭവം. സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പ് കത്തി നശിച്ചു. മുന്നിലെ ഗ്ലാസും തകർന്നു. ആർക്കും പരിക്കില്ല.

ആര്യങ്കോട് മേഖലയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി ഇന്നലെ പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാവാം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയും സ്റ്റേഷൻ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പൊലീസ് ഡിവിഷന് കീഴിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ ഉദ്യോ​ഗസ്ഥ‍ർ ആര്യങ്കോട് എത്തിയിട്ടുണ്ട്.