പബ്ലിസിറ്റിക്ക് വേണ്ടിയെങ്കില്‍ ചെലവ് വഹിക്കേണ്ടി വരുമെന്ന് കോടതി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

പ്രശസ്തിക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ചെലവ്സഹിതം തള്ളുമെന്ന ഹൈക്കോടതി മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.

കോടതിയുടെ പരിഗണയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ആണ് ഹര്‍ജി നല്‍കിയത്. പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവര്‍ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

എന്നാല്‍, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നല്‍കുക എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.