സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി

സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രേക്ഷകരെ അനുവദിക്കുക. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കുറേ നാളുകളായി അടഞ്ഞു കിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതി മുതല്‍ സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ജനുവരി അഞ്ചു മുതല്‍ തിയേറ്ററുകള്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുളളൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂ. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം,” മുഖ്യമന്ത്രി പറഞ്ഞു.