സിസ്റ്റര്‍ ലൂസിയ്‌ക്ക് എതിരെ അപവാദ പ്രചാരണം; ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികള്‍

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മാനന്തവാടി രൂപത പി.ആര്‍.ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ പരാതി. മാനന്തവാടി ബിഷപ്പ് ഹൗസില്‍ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെതിരെ പരാതി നല്‍കിയത്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മഠത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹ മാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചത്.

സ്ത്രീകളെ സമൂഹ മാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്. കൊട്ടിയൂര്‍ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റര്‍ ലൂസിക്കെതിരായ അതിക്രമത്തില്‍ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയില്‍ പറയുന്നു.

അപവാദ പ്രചാരണം നടത്തിയതിനെതിരെ സിസ്റ്റര്‍ നല്‍കിയ പരാതിയില്‍ ഫാദര്‍ നോബിള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.