നാളത്തെ ചോദ്യം ചെയ്യല്‍ പിണറായി ഒരുക്കിയ നാടകം, തൃക്കാക്കരയില്‍ വരുന്നത് തടയാനുള്ള തന്ത്രമെന്നും പി.സി ജോര്‍ജ്ജ്

നാളത്തെ പൊലീസ് ചോദ്യം ചെയ്യല്‍ പിണറായി വിജയന്‍ ഒരുക്കിയ നാടകമാണെന്നും, താന്‍ തൃക്കാക്കരയിലേക്ക് വരാതിരിക്കാനുള്ള അടവാണെന്നും പി സി ജോര്‍ജ്ജ്്. ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് ഞായറാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു.

അതിനിടെ, ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതനുസരിച്ച് നാളെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നാല്‍ അദ്ദേഹത്തിന് തൃക്കാക്കരയിലേക്ക് പോകാന്‍ കഴിയില്ല. അത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് പി.സി ജോര്‍ജ് പറയുന്നത്്.

Read more

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.