പാര്‍ട്ടി പതാകകള്‍ താഴ്ന്നു; ഭൗതിക ശരീരം പൊതുദര്‍ശനത്തിന് എകെജി സെന്ററിലേക്ക്; അന്ത്യവിശ്രമം ആലപ്പുഴ വലിയ ചുടുകാട്ടില്‍

സമര സൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. 101 വയസായിരുന്നു വിഎസിന്. 1964ല്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് ഭൗതികദേഹം സംസ്‌കരിക്കുക.

എകെജി സെന്ററില്‍ ഭൗതിക ശരീരം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 9 മണിയോടെ ഭൗതിക ശരീരം വീട്ടിലേക്ക് മാറ്റും. നാളെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌കാരം നടക്കും.

Read more

പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ അവസാനത്തെയാളായ വിഎസ് 11 വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.