പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വികെ ശ്രീകണ്ഠന്‍ മത്സരിക്കാന്‍ സാധ്യത

പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയേക്കും. നാളെ വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്രയുടെ സമാപനമാണ്. ജില്ലയിലെ 88 പഞ്ചായത്തുകളിലും എട്ട നഗരസഭകളിലും കാല്‍നടയായി സഞ്ചരിച്ചതിലൂടെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ വി കെ ശ്രീകണ്ഠന് സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെ സുധാകരന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും

കെപിസിസിയുടെ സാധ്യത പട്ടികയില്‍ പാലക്കാട് മണ്ഡലത്തില്‍ പ്രഥമപരിഗണനയുള്ള നേതാവും വികെ ശ്രീകണ്ഠനാണ്. ഷാഫി പറമ്പില്‍ എംഎല്‍എ മത്സരിക്കണമെന്ന ആവശ്യവും നേരത്തെ പാര്‍ട്ടിയിലുണ്ടായിരുന്നു. പക്ഷേ എംഎല്‍എ പദവി വഹിക്കുന്നതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഷാഫി വ്യക്തമാക്കിയതും വി കെ ശ്രീകണ്ഠന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

പാലക്കാട് ഇടതുപക്ഷം ഇത്തവണയും എം ബി രാജേഷിനെയാണ് മണ്ഡലം പിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. സിറ്റിംഗ് എം പിയായ രാജേഷിന് വിജയസാധ്യതയുണ്ടെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ബിജെപി ഇതു വരെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ല. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ചിത്രം കൂടി തെളിയുന്നതോടെ ഇത്തവണ പാലക്കാട് തിരഞ്ഞെടുപ്പ് തീപാറുമെന്നാണ് കരുതപ്പെടുന്നത്.