പാലാ നഗരസഭ തര്‍ക്കം: ചെയര്‍മാനെ സി.പി.എം തീരുമാനിക്കുമെന്ന് ജോസ് കെ. മാണി

പാല നഗരസഭ ചെയര്‍മാന്‍ തര്‍ക്കത്തില്‍ തന്ത്രപരമായ നിലപാടുമായി കേരള കോണ്‍ഗ്രസ് നേതൃത്വം. നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ കാര്യം സി.പി.എമ്മിന് തീരുമാനിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. പ്രാദേശികമായ കാര്യമാണ് പാലായിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ സി.പി.എം തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് പിന്തുണക്കും. മുന്നണി ധാരണകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കത്തില്‍ സി.പി.എമ്മിന് പിന്തുണയുമായി സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു രംഗത്തുവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കരാറുകള്‍ പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ട്. ഓരോ പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.

പാലായില്‍ ഇപ്പോള്‍ തീരുമാനം എടുക്കേണ്ടത് സി.പി.എം ആണ്. അതില്‍ മറ്റൊരു പാര്‍ട്ടി അഭിപ്രായം പറയുന്നതു പോലും മുന്നണി കീഴ് വഴക്കമല്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തമായ മുന്നണിയാണ് ഇടതുമുന്നണി. ഇന്ന് തന്നെ പാലായിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ബിനു പുളിക്കക്കണ്ടത്തെ സി.പി.എം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ സി.പി.എം-കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം ഉടലെടുത്തത്. ബിനു പുളിക്കക്കണ്ടത്തിന്റെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് പരസ്യമായി പറയുമ്പോഴും രൂക്ഷമായ പ്രതിസന്ധിയാണ് പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസും സി.പി.എം. ബന്ധത്തില്‍ ഉടലെടുത്തിരിക്കുന്നത്.