'അന്തസ്സോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരും'; കെ.പി അനില്‍ കുമാര്‍ സി.പി.എമ്മിലേക്ക്

ഇടത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി അനിൽകുമാർ.  രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിപി ഐമ്മിലേക്ക് പോകുന്നുവെന്നും അനില്‍കുമാര്‍ കൂട്ടിചേര്‍ത്തു. കോടിയേരി ബാലകൃഷ്ണനായിരിക്കും കെപി അനില്‍കുമാറിനെ സ്വീകരിക്കുകയെന്നാണ് സൂചന.

‘ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് ഘടകത്തിലായാലും പ്രവർത്തിക്കും. സംശുദ്ധമായ രാഷ്ട്രീയം പ്രവർത്തനം നടത്താനാവണം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് താത്പര്യപ്പെടുന്നത്’- അനിൽകുമാർ പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു  43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനത്തിൽ അനിൽകുമാർ പറഞ്ഞത്. ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിട പറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇന്നത്തോടു കൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.