ആറ് പെട്ടികളില്‍ 12,000ലേറെ പേജുകള്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കരുവന്നൂര്‍ കേസിലെ ആദ്യ കുറ്റപത്രം ഇഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആറ് വലിയ പെട്ടികളിലാക്കി ഇഡി ഉദ്യോഗസ്ഥര്‍ കോടതിയിലെത്തിച്ച കുറ്റപത്രത്തിന് 12,000ലേറെ പേജുകളുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നിലവില്‍ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെ 55 പേര്‍ പ്രതി പട്ടികയിലുണ്ട്.

വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിആര്‍ അരവിന്ദാക്ഷന്‍ പതിനഞ്ചാം പ്രതിയും പി സതീഷ്‌കുമാര്‍ കേസില്‍ പതിനാലാം പ്രതിയുമാണ്. കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഏജന്റായിരുന്നു ബിജോയ്. ബാങ്കിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ട് ബിജോയ് കോടികള്‍ തട്ടിയെടുത്തതായി നേരത്തെ വിജിലന്‍സും കണ്ടെത്തിയിരുന്നു. 90 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് പി സതീഷ്‌കുമാര്‍, പിആര്‍ അരവിന്ദാക്ഷന്‍, പിപി കിരണ്‍, സികെ ജില്‍സ് എന്നിവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ സ്ഥാപന തട്ടിപ്പായിരുന്നു കരുവന്നൂരില്‍ നടന്നത്. 2011 മുതല്‍ 2012 വരെ 219 കോടി രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍.