ആര്‍.എസ്.എസ് ക്രമസമാധാനം തകര്‍ത്ത് ജാര്‍ഖണ്ഡിനെ 'ലിഞ്ചിസ്ഥാന്‍' ആക്കി: വൃന്ദാ കാരാട്ട്

ജാര്‍ഖണ്ഡില്‍ ക്രമസമാധാന നില തകരാറിലാണെന്നും ലിഞ്ചിസ്ഥാന്‍ ആയി സംസ്ഥാനം മാറിയെന്നും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ മെമ്പര്‍ വൃന്ദാ കാരാട്ട്. നിയമം കയ്യിലെടുത്തുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് ലിഞ്ചിസ്ഥാന്‍ എന്ന പ്രയോഗം വൃന്ദാ കാരാട്ട് നടത്തിയത്.

“ജാര്‍ഖണ്ഡില്‍ ക്രമസമാധാനം പാലിക്കപ്പെടുന്നില്ലെന്നത് വ്യക്തമാണ്. ഒരു ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം തങ്ങള്‍ ആര്‍ക്കൊപ്പമാണ് നില കൊള്ളുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. അവര്‍ ഇരകള്‍ക്കൊപ്പമല്ല, പകരം കുറ്റവാളികള്‍ക്കൊപ്പമാണ്. നമ്മുടെ പ്രിയപ്പെട്ട ജാര്‍ഖണ്ഡ് ഇനി രാജ്യം മുഴുവന്‍ ലിഞ്ചിസ്ഥാന്‍ എന്നറിയപ്പെടും”- വൃന്ദാ കാരാട്ട് പറഞ്ഞു.

എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോടെ മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ഹിന്ദുവും എന്‍ആര്‍സിയില്‍ നിന്നും പുറത്താകില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന.