ഇനിയുള്ള കടമ്പ പത്താം ക്ലാസും പ്ലസ് ടുവും; തുല്യതാപരീക്ഷ എഴുതി ഒറ്റപ്പാലം നഗരസഭാ കൗൺസിലർ

അൻപത്തിരണ്ടാം വയസ്സിൽ തുല്യത പരീക്ഷയെഴുതി ഒറ്റപ്പാലം നഗരസഭാ കൗൺസിലർ. ഏഴാം ക്ലാസിൽ ഉപേക്ഷിച്ച വിദ്യാഭ്യാസം നാല് പതിറ്റാണ്ടിനിപ്പുറം തുല്യത പരീക്ഷയെഴുതി തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഒറ്റപ്പാലം നഗരസഭാ കൗൺസിലറായ സുരേഷ് കുമാർ.

തന്റെ അൻപത്തിരണ്ടാം വയസ്സിൽ ഏഴാം തരം തുല്യത പരീക്ഷ എഴുതിയ സുരേഷിന്റെ ആഗ്രഹം ഇനിയുള്ള ആ​ഗ്രഹം പത്താം ക്ലാസും പ്ലസ്ടുവും പൂർത്തിയാക്കണമെന്ന് മാത്രമാണ്. സ്കൂളിൽ പ്രകടനം നയിച്ചതിന് അധ്യാപകരിൽ നിന്നു കേട്ട രൂക്ഷമായ ശകാരത്തിനു പിന്നാലെയാണ് ഏഴാം ക്ലാസിൽ പഠനം നിർത്തിയത്.

പിന്നീട് ഇഷ്ടിക ചൂളയിൽ പണിക്കു കയറി. പപ്പട നിർമാണവും പശുവളർത്തലുമായി ജീവിതം മുന്നോട്ടു പോയി. സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറിയ സുരേഷ്കുമാർ പിന്നീടു നഗരത്തിൽ സിഐടിയു വിഭാഗം ചുമട്ടുതൊഴിലാളിയായി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിൽ മത്സരിച്ച് വിജയിച്ച സുരേഷ്കുമാർ പിന്നീടു നഗരത്തിലെ ബന്ധുവിന്റെ ജ്വല്ലറിയിൽ ജോലിയിൽ പ്രവേശിച്ചു.

ഇതിനിടെയാണ് വാർഡിൽ ആരെങ്കിലും ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതാനുണ്ടോയെന്ന അന്വേഷണവുമായി അധികാരികൾ സമീപിച്ചത്. അടുത്ത ദിവസം തന്നെ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത സുരേഷ് കുമാർ പരീക്ഷ പൂർത്തികരിക്കുകയും ചെയ്യ്തു.

ലഭ്യമായ പാഠപുസ്തകങ്ങൾ പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് പഠിച്ച് ആറ് വിഷയങ്ങളിലും പരീക്ഷ പൂർത്തിയാക്കി. തുല്യത പരീക്ഷയെഴുതി പന്ത്രണ്ടാം ക്ലാസ് വരെ എത്താനുള്ള തയാറെടുപ്പിലാണ് സിപിഎം വരോട് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സുരേഷ്കുമാർ.