സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്തും മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കും

കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 9 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കും.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.

കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇന്ന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന പ്രത്യേക നിർദേശമുണ്ട്. മഴ വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ നിരോധിച്ചിരുന്നു.