ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം, സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ല; ഹൈക്കോടതി

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസ വിധി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ഹൈക്കോടതി, ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ജനുവരി 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായത്.

സോളര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടിയും ചോദ്യംചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചത്. ഈ സംഭവത്തില്‍ വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നു ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.വാദം നാളത്തേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി, ഉച്ചകഴിഞ്ഞ് വീണ്ടും ഹര്‍ജി പരിഗണിക്കുകയായിരുന്നു.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് ആധാരമായ സരിതയുടെ കത്തിനെതിരെയായിരുന്നു സിബലിന്റെ വാദങ്ങള്‍. ഉമ്മന്‍ചാണ്ടിക്കു പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിഷന്‍ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. കത്തിനെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ചില തുടര്‍നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കത്ത് തന്റെ കക്ഷിക്ക് അപകീര്‍ത്തിപരമായതിനാല്‍ അതിന്‍മേലുള്ള ചര്‍ച്ച വിലക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ദേശിച്ചു. അതേസമയം, സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേലോ കത്തിന്‍മേലോ സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.