സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാത്തതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാതിരുന്നത്: ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് ആവശ്യമുള്ള പിന്തുണ നല്കാതിരുന്നതുകൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്കിയിരുന്നെങ്കിലും അത് നടന്നില്ല. വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വപ്ന പദ്ധതിയാണ്. അതുകൊണ്ട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റവും വലിയ ത്യാഗം സഹിച്ചത് അവിടെയുള്ള മത്സ്യത്തൊഴിലാളികളാണ്. പക്ഷേ അവരുടെ പല പ്രശ്നങ്ങളും പരിഹരിക്കാതെ കിടക്കുന്നു. അതും അടിയന്തരമായി ശ്രദ്ധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.