നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

യമനിൽ വധശിക്ഷക്ക് വിശിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മോചനത്തിനായി തീവ്രശ്രമങ്ങൾ നടത്തുകയാണ്. യമനിൽ ചർച്ചകൾ ഇന്നും തുടരും. അതേസമയം ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും.

സനായിലെ ക്രിമിനൽ കോടതിയിലാണ് ഹർജി നൽകുക. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്നതിനാൽ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ആയിട്ടില്ല. ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

അതേസമയം സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് നിലവിൽ ചർച്ചകൾ പുരോ​ഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ​ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലാണ് നിർണ്ണായകമായത്. ആശവഹമായ പുരോ​ഗതിയാണ് ചർച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്.

Read more