2019ലും ഇക്കൊല്ലവും സ്വർണം പൂശിയതിനും ചെമ്പുപാളി ആക്കിയതിനും പിന്നിൽ ഒരു ഉദ്യോഗസ്ഥൻ; ദേവസ്വം വിജിലൻസിൻ്റെ നിർണായക കണ്ടെത്തൽ

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കാണാതായതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്. സ്വർണപ്പാളികൾ 2019ലും ഇക്കൊല്ലവും സ്വർണം പൂശിയതിനു പിന്നിൽ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായിരുന്നതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. 2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ സ്പോൺസറായ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന റിപ്പോർട്ട് തയ്യാറാക്കിയതും ഈ ഉദ്യോഗസ്ഥനാണ്.

2019ൽ ശബരിമല അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനിലേക്കാണ് അന്വേഷണം ചെന്നെത്തുന്നത്. ഇയാൾ എക്സിക്യുട്ടീവ് ഓഫീസറായി എത്തിയപ്പോഴായിരുന്നു വീണ്ടും സ്വർണംപൂശലിന് നീക്കം തുടങ്ങിയത്. സ്വർണം പൂശുന്നത് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിക്കാമെന്ന ശുപാർശ ഇപ്പോഴത്തെ ദേവസ്വം ബോർഡിനു മുന്നിൽവെച്ചതും ഇയാളായിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ ഇപ്പോൾ ഡെപ്യൂട്ടി കമ്മിഷണറാണ്.

2019ൽ ദ്വാരപാലക ശില്പങ്ങളിൽ സ്വർണംപൂശാൻ തന്ത്രിയുടെ അനുമതി കിട്ടിയിട്ടുണ്ടെന്നും സ്പോൺസറായി ഉണ്ണികൃഷ്‌ണൻ പോറ്റി എന്നൊരാൾ ഉണ്ടെന്നും ബോർഡ് ഭരണാധികാരികളെയും കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് ക്രമക്കേടിൻ്റെ തുടക്കം. ശില്പങ്ങൾ ചെമ്പുപാളി പൊതിഞ്ഞതാണെന്ന് മഹസർ തയ്യാറാക്കുകയും ചെയ്തു. ഈ മഹസർ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ബോർഡ് സെക്രട്ടറി എന്നിവർ കണ്ടെങ്കിലും മാറ്റമൊന്നും വരുത്തിയില്ല. ഇതിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ദേവസ്വം വിജിലൻസ്.

Read more

ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശം പാളികൾ കൊടുത്തുവിടാമെന്ന കത്ത് ഈ ഉദ്യോഗസ്ഥൻ തയ്യാറാക്കിയശേഷം കമ്മിഷണറും സെക്രട്ടറിയും കണ്ടെങ്കിലും അത് തടഞ്ഞില്ല. അതിനുശേഷമാണ് ഈ കത്ത് എ പദ്‌മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിൻ്റെ പരിഗണനയിലേക്ക് വരുന്നത്. ബോർഡിന്റെ തീരുമാനത്തിലും സ്വർണപ്പാളിക്കുപകരം ചെമ്പുപാളിയെന്നാണ് ഉണ്ടായിരുന്നത്. ‘ചെമ്പുപാളികളിൽ സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിലും ഉത്തരവാദിത്വത്തിലും തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ നടപടി ഉണ്ടാകണം’ എന്നായിരുന്നു അത്.