കേരളത്തിൽ വീണ്ടും കോവിഡ് മരണം; പാലക്കാട് സ്വദേശിനി മരിച്ചു

കേരളത്തിൽ വീണ്ടും കോവിഡ് 19 രോ​ഗബാധ മൂലം മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നിന്നെത്തി ചികിത്സയിലായിരുന്ന പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

മെയ് 25-നാണ് മീനാക്ഷി അമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരൻ്റെ വീട്ടിൽ ഹോം ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും മരണശേഷം അയച്ച സാമ്പിൾ ആണ് കോവിഡ് പൊസീറ്റീവായത്. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണം പതിനൊന്നായി.