കല്യാൺ സിൽക്സിന്റെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോ‌ട് പ്രമുഖ ബിസിനസ് ​ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം.  കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം.

പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്ന സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് ഒരാള്‍ മരിച്ചത്. മറ്റ് നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികളാണ് അഞ്ചു പേരും.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സമയത്ത് മരിച്ച കാ‍ർത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ പറഞ്ഞു.