സൂപ്പര്‍ ഹിറ്റായി ഓണം ബമ്പര്‍, ഇന്നലെ മാത്രം വിറ്റത് 2,70,115 ടിക്കറ്റുകള്‍

നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിച്ചു. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്. ഇന്നലെ മാത്രം 2,70,115 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 124.5 കോടി രൂപയായിരുന്നു അന്ന് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്. അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു.

ഇത്തവണ 500 രൂപയാണ് ടിക്കറ്റ് വില. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 18 നാണ് നറുക്കെടുപ്പ്. ഇത്തവണ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം.