'കഴിഞ്ഞ മാസം 14ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി, പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വെച്ച് എല്‍ദോസ് മര്‍ദ്ദിച്ചു'

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മാസം 14ന് തന്നെ കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വെച്ച് എല്‍ദോസ് തന്നെ മര്‍ദ്ദിച്ചെന്നുമാണ് ഇവര്‍ നല്‍കിയ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാന്‍ തീരുമാനിച്ചു. ഇരുവരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മൊഴി പരിശോധിച്ച പൊലീസ് ഗസ്റ്റ് ഹൗസില്‍ എംഎല്‍എ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു.

എംഎല്‍എക്കെതിരായ തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എംഎല്‍എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം. എന്നാല്‍ പരാതി വന്നതോടെ കഴിഞ്ഞ രണ്ട് ദിവസമായി എംഎല്‍എ ഒളിവിലാണ്.

അതേസമയം, എല്‍ദോസ് മുന്‍കൂര്‍ ജാമ്യം തേടി കോടിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.