കോണ്‍ഗ്രസിൽ പ്രശ്നപരിഹാരമായോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. ഭാരവാഹി നിര്‍ണയത്തില്‍ അന്തിമ തീരുമാനത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ പരിഹരിക്കാനുള്ള ചർച്ചകളോട് സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി നേതൃത്വം മുൻകയ്യെടുത്താൽ സഹകരിക്കും.  തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡിസിസി ചടങ്ങില്‍ നിന്നും വിട്ടുനിന്നതല്ല. ഡിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകളില്‍ സാധാരണ പങ്കെടുക്കാറില്ല. കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് താന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാണ് സുധാകരന്‍ തെളിവായി ഡയറി കാണിച്ചത്.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.