ദുബായ് പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരള പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

ദുബായ് പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരള പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പൊലീസ് ഓഫീസര്‍മാര്‍ അടങ്ങിയ സംഘം സന്ദര്‍ശനത്തിന് എത്തിയത് .

കേരള പൊലീസിലെ വിവിധ വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ സംസഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു. കേരള പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്മന്റ് സംവിധാനം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, റോബോട്ട് സംവിധാനം തുടങ്ങിയവയെ കുറിച്ച് അവര്‍ വിശദമായി ചോദിച്ചറിഞ്ഞു. സംഘം, കേരള പൊലീസ് സൈബര്‍ ഡോം സന്ദര്‍ശിച്ചു

നേരത്തെ ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസ് തീരുമാനിച്ചിരുന്നു. ഇതോടെ സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയാവുകയിട്ടാണ് മലയാളം മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശന വേളയിലാണ് ഇക്കാര്യം തീരുമാനമായത്.

പൊലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ ആണ് ദുബായ് ജുമൈരയിലെത്. മനുഷ്യ സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.

ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പൊലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും അവിടെ സംവിധാനമുണ്ട്.