'തനിക്ക് വ്യക്തിപരമായി കിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല'; കുമ്മനത്തിന് വോട്ടു കുറഞ്ഞ വിഷയത്തില്‍ ഒ. രാജഗോപാല്‍

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ പരാജയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടിയിട്ടില്ലെന്ന് രാജഗോപാല്‍ പ്രതികരിച്ചു. തന്റെ വ്യക്തിബന്ധങ്ങള്‍ വെച്ച് കിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടിയിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. അനുഭാവികളുടെ മുഴുവന്‍ വോട്ടുകളും താന്‍ സ്ഥാനാര്‍ത്ഥിയല്ലാത്തതിനാല്‍ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ പ്രതീക്ഷയായിരുന്നു തിരുവനന്തപുരം ലോക്‌സഭ മണ്ഡലം. ശബരിമല വിഷയവും കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലെല്ലാം ലീഡ് കുമ്മനത്തിനൊപ്പമായിരുന്നു. എന്നാല്‍ ശശി തരൂരിനെ ഇത്തവണയും തിരുവനന്തപുരം കൈവിട്ടില്ല.