ഇനി വനിത കണ്ടക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കില്ല

വനിതാ കണ്ടക്ടര്‍മാരുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീയാത്രക്കാരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ബസുകളിലെ വാതിലിന് സമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍മാര്‍ക്ക് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. ചില സമയങ്ങളില്‍ ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി ഉര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വനിതാ കണ്ടക്ടര്‍മാരുടെ സീറ്റില്‍ സ്ത്രീ യാത്രക്കാരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന തീരുമാനമുണ്ടായത്.

അതേസമയം കെഎസ്ആര്‍ടിസിയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നടപടി സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.