കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം.
ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് ടിഎന്‍ പ്രതാപന്‍ പരാതി നല്‍കിയത്.
Read more
ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് പരാതി. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. ബിഎല്‍ഒ ജനുവരി 20ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടത്.







