മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല; സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഉത്തരവെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മദ്യവില്‍പനശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഉത്തരവില്‍ പറഞ്ഞത്. സമൂഹത്തിന്റെ പൊതു അന്തസ്സ് മാത്രമാണ് കോടതിയുടെ വിഷയം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കോടതി വിഷയത്തില്‍ ഇടപെട്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് ആവില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും, മദ്യശാലകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.ഉത്തരവിന്റെ മറവില്‍ പുതിയ മദ്യശാലകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ 175 ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സുധീരന്റെ ഹര്‍ജി വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. അതേസമയം, പുതിയ മദ്യശാലകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എണ്ണം കൂട്ടാനുള്ള ശിപാര്‍ശ തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് വിശദീകരണം.