അപമാനിച്ചിട്ടില്ല, സ്റ്റേജില്‍ കയറാന്‍ പെണ്‍കുട്ടിക്ക് ലജ്ജയുണ്ടായിരുന്നു; ന്യായീകരണവുമായി സമസ്ത

സമസ്ത വേദിയില്‍ പത്താം ക്ലാസുകാരിയെ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. വേദിയിലേക്ക് വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമെന്നാണ്ഞങ്ങള്‍ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. മറ്റുള്ള കുട്ടികളേയും വിളിച്ചു വരുത്തിയാല്‍ അവര്‍ക്ക് സന്തോഷത്തിലേറെ പ്രയാസം വരുമെന്ന് മനസ്സിലായ്ത കൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്‍രെ സംസാരശൈല അങ്ങനെയാണെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

സമസ്ത സ്ത്രീകള്‍ക്കോ മറ്റേതെങ്കിലും ജനങ്ങള്‍ക്കോ അപമാനമുണ്ടാക്കുന്ന സംഘടനയല്ല. തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ പിന്തുണ നല്‍കാറില്ല. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.