'കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം വേണ്ട'; വടക്കഞ്ചേരി അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ചയെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി നിരീക്ഷിച്ചു.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്നും പഠന വിനോദ യാത്രക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിലവിലുള്ള ഉത്തരവുകള്‍ കര്‍ശനമാക്കികൊണ്ടാണ് പുതിയ സര്‍ക്കുലര്‍.