നിപ ഭീതി ഒഴിയുന്നു; സമ്പർക്ക പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ പരിശോധനയ്ക്കയച്ച 30 സാമ്പിളുകളും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം  നിപയുടെ ഉറവിടം കണ്ടെത്താനായി കാട്ടുപന്നികളെയും പരിശോധിക്കും. നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. വനംവകുപ്പിന്‍റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും.