നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ

യമനിൽ വധശിക്ഷക്ക് വിശിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. സാമുവൽ ജെറോം ആണ് ഇതുസംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. ആക്ഷൻ കൗൺസിൽ ആണ് വധശിക്ഷ നീട്ടിവച്ചതായി അറിയിച്ചത്. വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മോചനത്തിനായി തീവ്രശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് സുപ്രധാന തീരുമാനം.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.

Read more