സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് എതിരെ പരാതിക്കാരിയായ കന്യാസ്ത്രീ

സാമൂഹിക മാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍  അപമാനിക്കുന്നുവെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളെ ഉപയോഗിച്ച് തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ യു ട്യൂബ് ചാനലുണ്ടാക്കി അവയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനുമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.  ഒക്ടോബര്‍ 19-നാണ്  പരാതി നല്‍കിയത്.

വീഡിയോ ലിങ്കുകള്‍ ഉള്‍പ്പെടെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്നെ തിരിച്ചറിയും വിധത്തിലാണ് വീഡിയോകള്‍ തയ്യാറാക്കായിരിക്കുന്നതെന്നും കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു. “ക്രിസ്ത്യന്‍ ടൈംസ്” എന്ന യു ട്യൂബ് ചാനലിന്റെ പേര് പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഒരു വാര്‍ത്താക്കുറിപ്പ് ജലന്ധര്‍ രൂപത പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീ പരാതിയും നല്‍കി. ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ നവംബര്‍ പതിനൊന്നിനാണ് വിചാരണ ആരംഭിക്കുന്നത്.