ആശുപത്രികളിലെ അനാസ്ഥ; ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല 

ആശുപത്രികളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിൽ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം എന്ന് രമേശ് ചെന്നിത്തല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടൻ നഷ്ടപരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മനസാക്ഷിയെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നതാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കോവിഡ് രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ. ഹാരീസ് വെന്റിലേറ്ററില്‍ കിടക്കവെയാണ് ട്യൂബ് ഘടിപ്പിക്കാത്തതിനാൽ ശ്വാസം കിട്ടാതെ മരിച്ചത്.

ജമീലയെന്ന മറ്റൊരു രോഗിക്ക് മാസ്‌ക്ക് ധരിപ്പിച്ചെങ്കിലും വെന്റിലേറ്റര്‍ ഓണാക്കിയില്ല. അവരും മരിച്ചു. ബൈഫക്കി എന്ന മറ്റൊരു രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നതില്‍ കാലതാമസമുണ്ടായി. ബൈഫക്കിയും മരിച്ചു. ആശുപത്രിയിലെ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയാലേ ചികിത്സ കിട്ടൂ എന്ന് മരിക്കാറായ അവസ്ഥയില്‍ ബൈഫക്കി സഹോദരന് അയച്ച ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു രോഗി പുഴുവരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഒരു രോഗി മരിച്ചു കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും വിവരം ബന്ധുക്കള്‍ അറിഞ്ഞില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ ദിവസവും ഭക്ഷണവും വസ്ത്രങ്ങളുമായി എത്തുകയും ആശുപത്രി ജീവനക്കാര്‍ അവ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പല മെഡിക്കല്‍ കോളേജുകളിലും രോഗികള്‍ ആത്മഹത്യ ചെയ്തു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് നിസാരമായി എഴുതി തള്ളാനാവില്ല.

ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് ഇവിടെ പ്രകടമായി കാണുന്നത്. ആരോഗ്യ പരിപാലന രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇതൊന്നം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതാണോ കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക?

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നു മാത്രമല്ല അവയെ മൂടി വയ്ക്കാനും ശ്രമം നടക്കുന്നു എന്നതാണ് ഖേദകരമായ കാര്യം. രോഗികള്‍ അശ്രദ്ധകാരണം മരിക്കുകയാണെന്ന് പറഞ്ഞ നഴ്‌സിംഗ് ഓഫീസറെ കയ്യോടെ സസ്‌പെന്റ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. നഴ്‌സിംഗ് ഓഫീസര്‍ക്ക് പിന്നാലെ അവിടത്തെ വീഴ്ചകള്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടിയ ജൂനിയര്‍ ഡോക്ടര്‍ നജ്മയെ വേട്ടയാടുകയാണ് സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ .ഹസ്രത്തില് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നു റിപ്പോർട്ട് ചെയ്ത ഡോക്ടറെ സസ്പെന്ഡ് ചെയ്ത യുപിയുടെ മാതൃകയാണ് കേരളം പിന്തുടരുന്നത്.

ആശുപത്രികളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിൽ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടൻ നഷ്ടപരിഹാരവും നല്‍കണം.