റീ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; രാജ്കുമാറിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍, കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്ന് ജുഡിഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാജ്കുമാറിന്റെ മൃതദേഹത്തില്‍ പുതിയ മുറിവുകള്‍ കണ്ടെത്തി.

നെഞ്ചിലും തുടയിലുമാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. രാജ്കുമാറിന്റെ കാലുകള്‍ ബലമായി അകത്തിയതിന്റെ പാടുകളും കണ്ടെത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് റീ പോസ്റ്റുമോര്‍ട്ടം നടന്നത്. ആന്തരാവയവങ്ങളും പരിശോധനയ്ക്കായി എടുത്തു. ന്യൂമോണിയ സ്ഥിരീകരിക്കാന്‍ റിപ്പോര്‍ട്ട് പുറത്തു വരണം. ഡി.എന്‍.എ ടെസ്റ്റിനായി മൃതദേഹത്തില്‍ നിന്ന് സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.

കസ്റ്റഡി മരണത്തിലേക്ക് നയിക്കുന്ന സൂചനകളുണ്ടെന്നും രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ വിവരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്നും ജുഡിഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ അപാകത മൂലം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.

പാലക്കാട് നിന്നുള്ള ഡോ. പി. ബി ഗുജ്‌റാള്‍, കോഴിക്കോട് നിന്നുള്ള ഡോ. കെ. പ്രസന്നന്‍, ഡോ. എ. കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.