മിത്ത് വിവാദം; എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരായ കേസ് എഴുതിത്തള്ളി

തിരുവനന്തപുരത്ത് നടന്ന എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് സർക്കാർ എഴുതിതള്ളി. ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്. സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയില്‍ കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 175 കരയോഗങ്ങളിൽ നിന്നുള്ളവര്‍ പങ്കെടുത്ത ജാഥ, അന്യായമായി സംഘം ചേരലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരുന്നത്.