കോഴിക്കോട് എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി 26കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ വൈശാഖൻ എല്ലാം തന്റെ ഭാര്യയ്ക്കറിയാം എന്നും കൂട്ടിച്ചേർത്തു. യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് പദ്ധതിയിട്ടതെന്നും വൈശാഖൻ പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലർത്തി നൽകാൻ ജ്യൂസ് വാങ്ങിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ്. കേസില്‍ ഇന്നലെയാണ് പ്രതി വൈശാഖനെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സംഭവങ്ങളിൽ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യയോട് വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി മൊഴി നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയണ് പ്രതി 26കാരിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നൽകി. തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകൾ തയ്യാറാക്കുകയും, യുവതി കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം.







