ടോളിനോട് പൊതുവേ യോജിപ്പില്ല; ബ്രൂവെറി വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദന്‍

കിഫ്ബി റോഡുകളിലെ ടോള്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

ടോളിനോട് പൊതുവേ യോജിപ്പില്ല. ടോളിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടിത്തീര്‍ക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണ്ടിവരും. ധാരണയും വിശദമായ ചര്‍ച്ചയും രണ്ടാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബ്രൂവെറി വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നിറുത്തിവയ്ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ ചര്‍ച്ച നടത്തി മുന്നോട്ടു പോകും. ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സിപിഐയുടെ ഇടപെടലായി കാണുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Read more

ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്‌നം. അത് നാലേക്കറില്‍ അധികം വരില്ല. അതൊക്കെ ഇടതുസര്‍ക്കാരിന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. റവന്യൂ ഉദ്യോഗസ്ഥരെടുത്ത നിലപാട് സിപിഐയുടെ എതിര്‍പ്പായി കാണേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.