ഇന്ത്യ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്തവര്‍; തെറ്റുകളെ പ്രതിരോധിക്കുന്ന തുരുത്താണ് കേരളമെന്ന് എം.വി ഗോവിന്ദന്‍

ഭരണഘടനയെ അംഗീകരിക്കാത്ത, ജീര്‍ണമായ ഫ്യൂഡല്‍ സംസ്‌കാരത്തെയും ശാസ്ത്രവിരുദ്ധ നിലപാടുകളെയും പിന്‍പറ്റുന്നവരാണ് ഇന്ത്യ ഭരിക്കുന്ന ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മതനിരപേക്ഷതയോ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സമൂഹമല്ല അവരുടെ ഉന്നം. ബിജെപി അധികാരത്തില്‍ എത്തിയതോടെ ഇന്ത്യ പിന്തിരിപ്പന്‍ നിലപാടുകളിലേക്കു പോയി. ഇത് രാജ്യത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയാകെ മാറ്റിമറിച്ചു.

പട്ടിണിസൂചികയില്‍ ഓരോ വര്‍ഷവും പിന്നോട്ടുപോകുകയാണ് രാജ്യം. രാജ്യത്ത് കോടിക്കണക്കിനുപേര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ കഴിയുമ്പോള്‍ ലോകത്തെ രണ്ടാമത്തെ സമ്പന്നനാകാന്‍ അദാനിക്ക് അവസരമൊരുക്കിയ വികസനരീതിയാണ് നടപ്പാക്കുന്നത്. പൗരത്വഭേദഗതിയും ഏക സിവില്‍കോഡും നടപ്പാക്കാനുള്ള സാഹചര്യ രൂപീകരണമാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഏക ഭാഷയെന്നതും അതിനൊപ്പമുണ്ട്. എന്നാല്‍, കേരളത്തില്‍ ഇതൊന്നും നടപ്പാക്കാനില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. രാജ്യത്ത് അന്ധവിശ്വാസ ജടിലവും ശാസ്ത്രവിരുദ്ധവുമായ നിലപാടുകളും നയങ്ങളും ശക്തിപ്പെട്ടുവരികയാണ്. സ്വാതന്ത്ര്യംനേടി 75 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമൂഹ്യജീവിതം പഴയതിനേക്കാള്‍ കൂടുതല്‍ ജീര്‍ണതയിലേക്ക് മാറ്റപ്പെട്ടു.

മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു തുരുത്തായി തെറ്റുകളെ പ്രതിരോധിക്കുകയാണ് നമ്മുടെ സംസ്ഥാനം. ആശയ, സാംസ്‌കാരിക രംഗങ്ങളിലുള്ള നമ്മുടെ മുന്നേറ്റം ഇന്ത്യക്ക് മാതൃകയാക്കാനും ബദലാക്കാനും കഴിയണമെന്നും അദേഹം പറഞ്ഞു.